ആഭ്യന്തര കുറ്റവാളി ത്രില്ലറല്ല, ഇതിൽ ക്രൈമില്ല, ആക്ഷനുമില്ല, കാലിക പ്രസക്തിയുള്ള ഒരു വിഷയമാണ് സിനിമ സംസാരിക്കുന്നത്: ആസിഫ് അലി

കാലിക പ്രസക്തിയുള്ള ഒരു വിഷയം സംസാരിക്കുന്ന സിനിമയാണ് ആഭ്യന്തര കുറ്റവാളി എന്ന് നടൻ ആസിഫ് അലി. ആസിഫ് അലിയെ നായകനാക്കി നവാ​ഗതനായ സേതുനാഥ് പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി നിർമ്മിക്കപ്പെട്ട നിയമങ്ങൾ ചിലർ ദുരുപയോഗം ചെയ്യുമ്പോൾ തെറ്റ് ചെയ്യാതെ കുറ്റമാരോപിക്കപ്പെടുന്ന ഒരു വിഭാഗത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് മുമ്പ് പുറത്തു വിട്ട ചിത്രത്തിന്റെ ട്രെയ്ലർ നൽകുന്ന സൂചന. ഈ ചിത്രം ഒരു ത്രില്ലർ അല്ലെന്നും ഇതിൽ ക്രൈമോ ആക്ഷനോ ഇല്ലെന്നും ആസിഫ് അലി പറയുന്നു. ലളിതമായി കഥ പറഞ്ഞു പോകുന്ന റിലേറ്റബിൾ ആയിട്ട് ഫീൽ ചെയ്യുന്ന കുറേ സാഹചര്യങ്ങളുള്ള സിനിമയാണ് ഇതെന്ന് ക്യു സ്റ്റു‍‌ഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞു.

ആസിഫ് അലി പറഞ്ഞത്:

ആഭ്യന്തര കുറ്റവാളി ഒരു സാധാരണ സിനിമയാണ്. ഇതൊരു ത്രില്ലറോ ക്രൈമോ ആക്ഷനോ അല്ല. വളരെ ലളിതമായി കഥ പറഞ്ഞ് പോകുന്ന വളരെ റിലേറ്റബിൾ ആയിട്ട് ഫീൽ ചെയ്യുന്ന കുറേ സാഹചര്യങ്ങളുള്ള സിനിമയാണ് ഇത്. ഈ കാലഘട്ടത്തിൽ കുറച്ച് പ്രസക്തിയുള്ള ഒരു വിഷയമാണ് ഈ സിനിമ സംസാരിക്കുന്നത്. പുരുഷന്മാർക്ക് വേണ്ടി സംസാരിക്കുന്ന സിനിമ എന്ന് ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായിട്ട് പല സ്ഥലത്തും നമ്മൾ അവകാശപ്പെട്ടിട്ടുണ്ട്. അത് എത്രത്തോളം ഉണ്ട് എന്ന് സിനിമ കണ്ട് കഴിയുമ്പോൾ ആളുകൾ തീരുമാനിക്കട്ടെ. പക്ഷേ ഇത് പറയേണ്ട ഒരു കഥയായിട്ട് ഈ സ്ക്രിപ്റ്റ് കേട്ടപ്പോൾ എനിക്ക് തോന്നി. അതുകൊണ്ടാണ് ഞാൻ ഈ സിനിമയുടെ ഭാ​ഗമാകാൻ തീരുമാനിച്ചത്.

രണ്ട് തവണ വിവാഹിതനായ വ്യക്തിയായ ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ വിവാഹ ജീവിതത്തിന്റെ സമാധാനം കെടുത്തുന്ന ഒരു പ്രശ്നം ഉദിക്കുകയും അതിനെതിരെ അയാൾ കോടതിയിൽ നടത്തുന്ന നിയമപോരാട്ടവുമാണ് ആഭ്യന്തര കുറ്റവാളിയുട പ്രമേയം. സംവിധായകൻ സേതുനാഥ് പദ്മകുമാർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാം നിർമ്മിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസും വിദേശത്ത്‌ ഫാർസ് ഫിലിംസും ആണ്. തുളസി, ശ്രേയാ രുക്മിണി എന്നിവരാണ് ചിത്രത്തിലെ നായികമാരായെത്തുന്നത്. ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Previous Article

ഷൂട്ടിനിടെ ലഹരി ഉപയോ​ഗിച്ച് മോശമായി പെരുമാറിയത് ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ് അമ്മക്കും ഫിലിം ചേംബറിനും പരാതി നൽകി

Next Article

ആറ് വയസ് മുതല്‍ കണ്ട സ്വപ്‌നം 18-ാം വയസില്‍ യാഥാര്‍ത്ഥ്യമാക്കിയ പ്രതിഭ; ആരാണ് ചെസ് ലോക ചാംപ്യനായ ഡി.ഗുകേഷ്

Write a Comment

Leave a Comment

Your email address will not be published. Required fields are marked *