വിശ്വനാഥന്‍ ആനന്ദിന് ശേഷം ഇന്ത്യക്ക് മറ്റൊരു ചെസ് ലോക ചാംപ്യനെ ലഭിച്ചിരിക്കുന്നു. ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്ററായ ഡി. ഗുകേഷ്. എന്നാല്‍ ആനന്ദിന്റെ പിന്‍ഗാമി എന്ന പേരില്‍ മാത്രമായിരിക്കില്ല ഗുകേഷ് ചരിത്രത്തില്‍ ഇടം പിടിക്കുക. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യന്‍ എന്ന പേരിലായിരിക്കും. ചൈനയുടെ ഡിങ് ലിറനെ നിര്‍ണ്ണായകമായ 14-ാം മത്സരത്തില്‍ പരാജയപ്പെടുത്തിക്കൊണ്ടാണ് വെറും 18 വയസ് മാത്രം പ്രായമുള്ള ഗുകേഷ് ലോക ചാംപ്യനായി മാറിയത്. ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യത്തെ കൗമാരക്കാരന്‍ എന്ന നേട്ടവും ഗുകേഷിന് സ്വന്തം. 22-ാം വയസില്‍ ലോക ചാംപ്യനായ ഗാരി കാസ്പറോവിന്റെ റെക്കോര്‍ഡാണ് ഗുകേഷ് തിരുത്തിയത്. 2024ലെ ചെസ് ഒളിമ്പ്യാഡില്‍ സ്വര്‍ണ്ണ മെഡലും ക്യാന്‍ഡിഡേറ്റ് ടൂര്‍ണമെന്റും നേടിയ താരം കൂടിയാണ് ഗുകേഷ്. 2007, 2008, 2010, 2012 വര്‍ഷങ്ങളില്‍ വിശ്വനാഥന്‍ ആനന്ദ് ലോക ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കിയിരുന്നു. ആ നേട്ടങ്ങള്‍ കൂടിയാണ് ഇനി ഗുകേഷിന് മുന്നിലുള്ളത്.
ആറാം വയസ് മുതല്‍ സ്വപ്‌നം കാണുന്ന നേട്ടമാണ് ഇപ്പോള്‍ കൈപ്പിടിയില്‍ ഒതുക്കിയിരിക്കുന്നതെന്നാണ് ഗുകേഷ് ലോക ചാംപ്യനായതിന് ശേഷം പ്രതികരിച്ചത്. പത്തു വര്‍ഷത്തിലേറെയായി ഈ നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഓരോ ചെസ് പ്ലേയറും ഈ നിമിഷത്തിനായാണ് പരിശ്രമിക്കുന്നത്. ഇന്ന് ഞാന്‍ എന്റെ സ്വപ്‌നത്തില്‍ ജീവിക്കുന്നു, വാര്‍ത്താസമ്മേളനത്തില്‍ ഗുകേഷ് പറഞ്ഞു. ഡിങ് ലിറന്‍ വര്‍ഷങ്ങള്‍ക്കിടെ ചെസ് ലോകം കണ്ട മികച്ച പോരാളികളിലൊരാളാണ്. ഈ മത്സരത്തില്‍ ലിറന്‍ കാഴ്ചവെച്ച പോരാട്ടം എത്ര വലുതായിരുന്നു. ഒരു യഥാര്‍ത്ഥ ചാംപ്യനാണ് അദ്ദേഹം. പരാജയത്തിലേക്ക് നീങ്ങുമ്പോഴും അതില്‍ നിന്ന് കരകയറാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ വിദഗ്ദ്ധനാണ് ലിറന്‍. ആദ്യ മത്സരമായിരുന്നു ഏറ്റവും കടുപ്പമേറിയത്. അതില്‍ അങ്ങനെയേ സംഭവിക്കൂ എന്ന് എനിക്ക് അറിയാമായിരുന്നു. അതിനായി തയ്യാറെടുത്തിരുന്നു. ആ ഗെയിമിന് ശേഷം ലിഫ്റ്റില്‍ വെച്ച് വിശ്വനാഥന്‍ ആനന്ദ് സാറിനെ കണ്ടുമുട്ടി. എനിക്ക് 11 ഗെയിമുകളേ ഉണ്ടായിരുന്നുള്ളു, നിനക്ക് 13 ഗെയിമുകളുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അതൊരു നല്ല ഓര്‍മ്മപ്പെടുത്തലായിരുന്നു. പരാജയപ്പെട്ടത് ഒരു മത്സരത്തില്‍ മാത്രമാണ്, ഇനിയും മത്സരങ്ങളുണ്ടല്ലോ എന്ന്.
ലോക ചാംപ്യന്‍ഷിപ്പിലേക്കുള്ള പാത ഗുകേഷിന് അത്രയെളുപ്പമായിരുന്നില്ല. ഡിങ് ലിറനായിരുന്നു ചാംപ്യനാകാന്‍ സാധ്യത കല്‍പിക്കപ്പെട്ടിരുന്നത്. 14 മത്സരങ്ങള്‍ നീളുന്ന മത്സരത്തില്‍ ആദ്യ ഗെയിമില്‍ ഡിങ് ലിറന്‍ വിജയിച്ചു. രണ്ടാം ഗെയിം സമനില, മൂന്നാം ഗെയിമില്‍ ഗുകേഷിനായിരുന്നു വിജയം. അതിനു ശേഷം ഏഴു ഗെയിമുകള്‍ തുടര്‍ച്ചയായി സമനിലയില്‍. 11-ാമത്തെ ഗെയിമില്‍ ഗുകേഷ് വീണ്ടും വിജയിച്ചു. 12-ാം ഗെയിമില്‍ ഡിങ് ലിറന്‍ വിജയിച്ചതോടെ 6.6 പോയിന്റുകളുമായി ഇരു താരങ്ങളും സമനിലയില്‍. അതോടെ 13, 14 ഗെയിമുകള്‍ നിര്‍ണ്ണായകമായി. 13-ാം ഗെയിമും സമനിലയില്‍ എത്തി. അതോടെ അവസാന ഗെയിം വിജയിക്കുന്നയാള്‍ ലോക ചാംപ്യനാകുമെന്ന നിലയിലായി. തുടക്കം മുതല്‍ തന്നെ ലിറന് മുന്‍തൂക്കം പ്രവചിച്ചിരുന്നവര്‍ അവസാന മത്സരത്തില്‍ വെള്ളക്കരുവുമായി മത്സരിക്കാനിറങ്ങിയ ചൈനീസ് താരം ലോകചാംപ്യനാകുമെന്ന് തീര്‍ച്ചയാക്കി. പക്ഷേ, 58-ാം നീക്കത്തില്‍ ഗുകേഷ് ലിറനെ പരാജയപ്പെടുത്തി ചരിത്രത്തില്‍ സ്വന്തം പേര് എഴുതിച്ചേര്‍ക്കുകയായിരുന്നു.