തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളിലും രണ്ട് തരത്തിലുള്ള പ്രതിഫലം, എന്നെ അസ്വസ്ഥപ്പെടുത്തിയ തെറ്റുകളെ തിരുത്താനാണ് ശ്രമിക്കുന്നത്: സമാന്ത

സമാന്ത റൂത്ത് പ്രഭു തന്റെ ആദ്യ നിർമാണ ചിത്രത്തിൽ എല്ലാവർക്കും തുല്യ വേതനം നൽകുന്നു എന്ന തീരുമാനം മുമ്പ് വാർത്തയായിരുന്നു. 2023ല്‍ സമന്ത ആരംഭിച്ച ട്രലാല മൂവിങ് പിക്‌ച്ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധായിക നന്ദിനി റെഡ്ഡിയാണ് ഇക്കാര്യം പങ്കുവെച്ചത്. ബെംഗളൂരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ‘വുമണ്‍ ഇന്‍ സിനിമ’ എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് നന്ദിനി ഇക്കാര്യം പറഞ്ഞത്. എന്തുകൊണ്ടാണ് താൻ ഇത്തരമൊരു തീരുമാനമെടുത്തത് എന്ന് വ്യക്തമാക്കുകയാണ് ഇപ്പോൾ നടി സമാന്ത റൂത്ത് പ്രഭു. ഫുഡ്​ഫാര്‍മറിന് നല്‍കിയ അഭിമുഖത്തിലാണ് സമാന്തയുടെ പ്രതികരണം.

സമാന്ത റൂത്ത് പ്രഭു പറഞ്ഞത്:

ഒരേ തരത്തിലുള്ള റോളുകൾക്കും ഒരേ തരത്തിലുള്ള ദിവസങ്ങൾ കൊടുത്തിട്ടും ഒരുപോലെ സാലറി കിട്ടാത്ത സന്ദർഭങ്ങൾ ‍ഞാൻ കണ്ടിട്ടുണ്ട്. നായക കേന്ദ്രീകൃതമായ വലിയ സിനിമകളെക്കുറിച്ച് എനിക്ക് മനസ്സിലാകും. ആ നായകനാണ് തിയറ്ററിലേക്ക് ആളുകളെ കൊണ്ടു വരുന്നത്. അതിൽ ഒരു വ്യത്യാസമുണ്ട് എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിക്കും. പക്ഷേ തുല്യമായ പ്രാധാന്യം വരുന്ന കഥാപാത്രങ്ങളുള്ള സിനിമകളുണ്ട് ഇവിടെ എന്നാൽ അവിടെയും ഈ വ്യത്യാസം നിങ്ങൾക്ക് കാണാൻ സാധിക്കും. 15 വർഷമായി ഞാൻ ഈ ഇൻ‍‌ഡസ്ട്രിയിൽ ഉണ്ട്. എന്‍റെ മുമ്പില്‍ കണ്ട തെറ്റുകളെ തിരുത്താനാണ് ഞാന്‍ ഇപ്പോള്‍ ചെയ്യാന്‍ ശ്രമിക്കുന്നത്. ഞാന്‍ വന്ന സമയത്ത് അങ്ങനെയായിരുന്നു. എന്‍റെ സാഹചര്യങ്ങളെ എനിക്ക് തിരുത്താനാകുമായിരുന്നില്ല. ഭാവിയില്‍ എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനാവും. ഞാന്‍ ചെയ്​തില്ലെങ്കില്‍ പിന്നെ ആര് ചെയ്യും. നമ്മെ ചിന്തിപ്പിക്കുന്ന കാര്യങ്ങളില്‍ നാം ലക്ഷ്യം കണ്ടെത്തണം. അതാണ് എന്റെ ജീവിത മന്ത്രം. ഞാൻ ഇപ്പോൾ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്ന കാര്യങ്ങളെല്ലാം ഒരുകാലത്ത് എന്നെ അസ്വസ്ഥപ്പെടുത്തിയ കാര്യങ്ങളാണ്.

ട്രലാല മൂവിങ് പിക്‌ച്ചേഴ്‌സ് തുടങ്ങിയ സമയത്ത് തന്നെ പുതിയ ചിന്തകള്‍ക്കാണ് ഈ നിര്‍മാണ കമ്പനി പ്രാധാന്യം നല്‍കുന്നതെന്ന് സാമന്ത പറഞ്ഞിരുന്നു. ‘സമൂഹത്തിന്റെ വ്യത്യസ്തമായ തലങ്ങളെ വരച്ചുകാണിക്കുന്ന പുതുമയുള്ള, ചിന്തോദ്ദീപകമായ കഥകള്‍ പറയാനാണ് ആഗ്രഹിക്കുന്നത്. ഫിലിം മേക്കഴ്‌സിന് മികച്ച കഥകള്‍ പറയാനുള്ള ഒരു വേദിയായിരിക്കും ഇത്,’ എന്നായിരുന്നു അന്ന് സാമന്ത സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

Next Article

എന്തുകൊണ്ട് എമ്പുരാൻ റെക്കോർഡ് കളക്ഷൻ നേടി, സുരേഷ് ഷേണോയ് പറയുന്നു

Write a Comment

Leave a Comment

Your email address will not be published. Required fields are marked *